അർദ്ധനാരീശ്വരം


അവളുടെ വിരലുകൾ എന്റെ മുടിയിഴകൾ തഴുകി എങ്ങോട്ടേയ്ക്കോ അലയുകയാണ്. കണ്ണിമകൾ മെല്ലെ മെല്ലെ തമ്മിലുരസാൻ തുടങ്ങുന്നു. ചിന്തകൾ നിറഞ്ഞ ആ മനസ്സിനെ  എല്ലാം മറക്കാൻ കഴിയുന്ന ഒരു കാലത്തിലേക്ക് പിച്ച നടത്തുന്നു. നിദ്രയുടെ ലോകം ഇടയ്ക്ക് ചിന്തയുടേത് മാത്രം ആകുന്നതിനു സാക്ഷിയായി ആ അടഞ്ഞകൃഷ്ണമണിയും, അതിനെ തൊട്ട് തൊട്ട് ഇരിക്കുന്ന കണ്ണിമകളും.

ഇരുട്ടിന്റെ ലോകത്തിലും പനിമതി ഭാവമുള്ള, അവളുടെ മുഖം മാത്രമാണ് തെളിഞ്ഞ് നിൽക്കുന്നത്. നിഴലിനു പോലും പിടികൊടുക്കാതെ മേഘങ്ങൾക്കിടയിലൂടെ അവൾ പറക്കുകയായിരുന്നു. കൂട്ടിലടച്ച കിളികളെ കൂടു തുറന്ന് ചുവന്ന ചക്രവാളം കാട്ടിക്കൊടുക്കുകയും,  അതിലൂടെ അവരുടെ ആനന്ദം ആസ്വദിച്ചിട്ടുണ്ടെങ്കിലും, അനാമിക... അവൾ ഒരു അനുഭവം തന്നെയായിരുന്നു.

ഒരുപാട് ചിന്തകളും ചോദ്യങ്ങളുടെയും കൂമ്പാരമായിരുന്നു അനാമിക. തൂവൽ നിറഞ്ഞ ചിറകുകളായിരുന്നില്ല, എന്നാൽ അനുഭവങ്ങളും ചിതറിയ സ്വപ്‌നങ്ങൾ കൊണ്ട് മേഞ്ഞതായിരുന്നു  ആ ചിറകുകൾ. ജനാധിപത്യത്തിലെ വൈരുധ്യങ്ങളും, അർദ്ധരാത്രിയിൽ കിട്ടിയ സ്വാതന്ത്ര്യം പകൽ പോലും അനുഭവിക്കാൻ ആകാത്ത ഒരുപറ്റം മനസ്സുകളുടെ ഭാരം, അവളുടെ വേഗതയെ സാരമായി ബാധിച്ചിരുന്നു. അവൾ വേഗത കുറയ്ക്കുമ്പോളായിരുന്നു, അവളിലെ അഴക് ഞാൻ ആസ്വദിച്ചു തുടങ്ങിയത്. പതിവിനു വിപരീതമായി, അനാമിക എന്നെ പിന്തുടരാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു പൈങ്കിളി പ്രണയം താല്പര്യമില്ലാത്ത അവളെ പ്രണയിക്കണം എന്നൊരിക്കലും ഉള്ളിൽ തോനീട്ടില്ല. കാരണം പ്രണയം ഇച്ചിരി പൈങ്കിളി തന്നെയാണ്. അതിലാണ് അതിന്റെ കുഞ്ഞു കൗതുകവും. ഒരു അകലം എന്നും ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു. ഒരു പക്ഷെ, ചിലത് ദൂരെ നിന്ന് ആസ്വദിക്കാൻ പഠിപ്പിച്ചത് അനാമികയാണ്. അവളുടെ കണ്ണുകളിൽ പലതും അവൾ ഒളിപ്പിച്ചു. പലപ്പോഴായ് ഞാൻ മിണ്ടാതെ തന്നെ അവളോട് മിണ്ടുമായിരുന്നു. എന്റെ ആ നിശബ്ദതയുടെ താളം പലപ്പോഴായ് അവൾ അറിഞ്ഞിരുന്നു. അന്നേരം ആ മിഴിയിൽ ജ്വലിക്കുന്നത് അതിർവരമ്പുകളില്ലാത്ത വാത്സല്യമായിരുന്നു. പിന്നീട് ഞാൻ മനസ്സിലാക്കി അവളുടെ പ്രണയത്തിനു വാത്സല്യത്തിന്റെ ഗന്ധമായിരുന്നു. ഞങ്ങൾ തമ്മിലുണ്ടായിരുന്നു അകാലമായിരുന്നു ആ വാത്സലത്തിന്റെ തീവ്രത. 

ദിവസങ്ങൾ പലത് കടന്നു പോയി. വൈകാരികമായി നിലനിന്നത് ഞങ്ങൾ തമ്മിലുള്ള നിശ്ശബ്ദതയും. കോളേജിലെ അവസാന ദിവസം ഒരു വെളുത്ത ലാബ് കോട്ടുമണിഞ്ഞു അവൾ എന്റെ അടുത്ത് നിന്നു. അവളുടെ കണ്ണുകൾ എന്റെ മൂക്കിൻ തുമ്പിലെന്നപോലെ. ഒന്നും മിണ്ടാതെ കലങ്ങിയ കാണുകളുമായി അവൾ തിരിഞ്ഞു നടന്നു തുടങ്ങി. ഇനി ഒരിക്കലും കാണുകയില്ല എന്ന് എനിക്ക് വായിച്ചെടുക്കാമായിരുന്നു. ഞാൻ രണ്ടും കല്പിച്ചു അവളെ വിളിച്ചു "അനാമികാ...."

"എന്തോ..." മയക്കത്തിൽ നിന്നും ഈ ശബ്ദം കേട്ട് ഉണർന്നെഴുനേൽക്കുമ്പോഴും അവളുടെ വിരലുകൾ എന്റെ മുടിയിഴകളിലൂടെ അപ്പോഴും നീങ്ങുന്നുണ്ടായിരുന്നു. ആ മോതിരവിരലിൽ എന്റെ പേര് സ്വർണ്ണലിപികളിൽ തെളിഞ്ഞ കാണാം. അവളുടെ മുഖത്തേക്ക് ഒരു നിമിഷം ഞാൻ നോക്കി... 
അനാമിക... അതെ. എന്റെ അർദ്ധഭാവം...

സ്വപ്നത്തിൽ കണ്ട ആ പ്രണയ ലേഖനം എങ്ങനെ രചിക്കപ്പെട്ടു എന്നത് തീത്തും ആകസ്മികമായാണ്. തികച്ചും വത്യസ്തമായ കോളേജുകളും, കാലഘട്ടത്തിലുമായിരുന്നു ഞങ്ങളുടേത്. മുൻപ് കണ്ടുമുട്ടിയിട്ടുമില്ല. അവളുടെ കോളേജ് കഥകൾ കേട്ട്, ഒരു സഹാനുഭൂതി വളരുകയും, പിന്നീട് ഏതോ ഒരു സ്വപ്നത്തിൽ അവളുടെ കോളേജ് കാലഘട്ടം കണ്ടെടുക്കുകയും, അതിലൂടെ അനാമികയുടെ പ്രണയ സങ്കല്പമായി ഈ COMMON MAN മാറുകയായിരുന്നു. 

Comments

Popular Posts