കൃഷ്ണപ്പരുന്ത്


കാറ്റിന്റെ ദിശയിൽ സഞ്ചരിക്കുവാനാണ് അവൻ എന്നും ആഗ്രഹിച്ചിരുന്നത്. അനുഭവങ്ങളുടെയും ലക്ഷ്യങ്ങളുടെയും കാല്പനിക രൂപങ്ങൾ മിന്നിമറയാത്ത മനോഹരമായ ഒരു യാത്രയിലാണ് ഇപ്പോൾ അവൻ.

വർണാഭമായ പൂന്തോട്ടങ്ങളിൽ പ്രണയചുംബനം നൽകി പറക്കുന്ന വണ്ടുകളും, നാണം കുണുങ്ങിയായി നിൽക്കുന്ന പൂക്കളും... വികാര നിർഭരമായ കാഴ്ചകൾ അനുഭവത്താളുകളിലേക്ക് പകർത്തിയവൻ യാത്ര തുടർന്നു.

യാത്രക്കിടയിൽ ആകസ്മികമായി ആ കിളിയെ അവൻ കണ്ടുമുട്ടുകയായിരുന്നു. തൂവലുകൾ ഇടതിങ്ങിയ ചിറകുകൾ, കാർമേഘം ഉരുണ്ടു കൂടിയ കണ്ണുകൾ, പറക്കുവാൻ തുടങ്ങുമ്പോൾ ചാറ്റൽ മഴ പോലെ പെയ്ത അശ്രു തുള്ളികളാൽ ആ ഇമചേർത്തെഴുതിയ കണ്മഷിയാകെ പടർത്തിയിരുന്നു.. ചിറകടിച്ചുയരാൻ ആവാതെ ആ കുഞ്ഞിക്കിളി കൂട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നു.. യാത്രക്കിടയിൽ അക്ഷികൾ സാക്ഷിയായ ഈ ദൃശ്യം അവനെ വളരെയധികം ആകർഷിച്ചു. ഒരുപക്ഷെ ഗുരുത്വാകർഷണത്തെക്കാൾ ശക്തിയുള്ളൊരു വികാരം അവനിൽ ഉടലെടുത്തു.

അവളുടെ കണ്ണുകളിൽ നോക്കാതെ സംസാരിക്കുവാനായിരുന്നു അവനിഷ്ടം. അവന്റെ കണ്ണിലെ പ്രണയത്തിന്റെ നിറം അവൾ അറിയുമെന്നുള്ള ഭയം, അവന്റെ ഉൾക്കടലിൽ വേലിയേറ്റം സൃഷ്ടിച്ചിരുന്നു.. 

ചട്ടക്കൂടുകൾ ഭേദിച്ച് പറന്നുയരാൻ അവളിലെ ആത്‌മാവിനെ ഉത്സാഹിപ്പിക്കുക.. ഇതായിരുന്നു അവൻ അവൾക്കായി കരുതിവെച്ച പ്രണയ ലേഖനം.. അവളോടുള്ള ലാളനയായിരുന്നു ആ പ്രണയത്തിന്റെ സുഗന്ധവും.... 
ഒടുവിലൊരുനാൾ തൂവെള്ള ചിറകുകളിടിച്ചു അവൾ പറന്നുയരുകയായിരുന്നു.. ഇതായിരുന്നു അവന്റെ പ്രണയസാക്ഷാത്കാരം...

ചിറകടിച്ചുയർന്നാ ആ പൈങ്കിളി എങ്ങോട്ടേക്കോ മറയുകയായിരുന്നു... ഒരു തൂവെള്ള തൂവൽ, തെന്നലിൻ തോണിയിൽ ഒഴുകി അവന്റെ വലതു കൈവെള്ളയിൽ വന്നണഞ്ഞു. ഇനിയെന്നെങ്കിലും ആ തൂവൽ പക്ഷിയെ കണ്ടുമുട്ടിയാൽ ഒരു പുഞ്ചിരിക്കൊപ്പം ഈ തൂവൽ സമ്മാനമായി കൊടുക്കുവാൻ കാത്തുവെച്ച്, ഇളം തെന്നലിൻ ദിശയിൽ അവൻ ഒരു കൃഷ്ണപരുന്തായ് അവൻ ദേശാടനം തുടരുകയാണ്..  

Comments

Popular Posts