രാവണൻ

ഏതു രാക്ഷസനിലും ഒരു നായകൻ ഒളിഞ്ഞിരിക്കുണ്ടാവും. പ്രതിനായകനായി എത്ര അധികം ചിത്രീകരിക്കപ്പെടുമ്പോഴും അവന്റെ ചിറകുകളിലെ തൂവലുകൾ ഇടതിങ്ങി വിരിഞ്ഞുകൊണ്ടേയിരിക്കും, നീലാകാശത്തിൽ വെള്ളിമേഘം കൂടുകൂട്ടുന്നത് പോലെ.

ക്ലിഷേ കഥകളിൽ കാണുന്നത് പോലെ നായകന്റെ പ്രണയിനിയായ് വരുന്നതാകും നായിക എന്ന സങ്കൽപ്പങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ട് അവൾ ഒരിക്കലും അവന്റെ അടുത്തേക്ക് എത്തിച്ചേർന്നിട്ടില്ല. അവൻ അവളെ തേടി ഇറങ്ങിയതുമില്ല. പത്മരാജൻ സിനിമയിൽ കണ്ടത് പോലെ മഴയും ഇടിയും ഒന്നും അവരുടെ ആദ്യ കണ്ടുമുട്ടലിനു സാക്ഷികളായിട്ടുമില്ല. എങ്ങുനിന്നോ സഞ്ചരിച്ചെത്തിയ രണ്ട് ദേശാടന കിളികളായ് ഉപമിച്ചു കാവ്യാത്മകമാക്കാമെങ്കിലും, കാവ്യ ഭാവനകൾ തീണ്ടാപ്പാടകലെ നിൽക്കുമ്പോഴായിരുന്നു അവരുടെ ആ കണ്ടുമുട്ടൽ. ചേരുംപടി ചേർക്കാൻ പറ്റിയ രണ്ടു മനസ്സുകളായിരുന്നില്ല,  പിരിച്ചെഴുതപെട്ട വികാരങ്ങളായിരുന്നു അവർക്കിടയിലുണ്ടായിരുന്ന ദൂരം. ഭൗതികമായി അവർ ആ അകലം പാലിച്ചു കൊണ്ടേയിരുന്നപ്പോൾ, മാനസികമായി അവരുടെ അകലം മുട്ടിനിൽക്കാനൊരുങ്ങുന്ന കൺപീലികൾക്കൊപ്പമായ് ചുരുങ്ങുകയായിരുന്നു. സാഹിത്യം ഇച്ചിരി കലർത്തിയാൽ: സ്പർശിക്കാൻ മടിച്ചുനിന്ന അവന്റെ ആ കൺപീലികൾ..  അതായിരുന്നു അവൾക്കായി അവൻ കാത്തുസൂക്ഷിച്ച പ്രണയം. എന്തിരുന്നാലും ആ ദൂരം അവൻ നിലനിർത്തിയിരുന്നു. വില്ലൻ കഥാപാത്രമായത് കൊണ്ട് കലഹവും പിണക്കങ്ങളും അവർക്കിടയിൽ സജീവമായിരുന്നു. ആ പിണക്കങ്ങളായിരുന്നു അവൻ അവൾക്കായി എഴുതിയ പ്രണയലേഖനം.

കാവ്യഭാവനകൾ എത്ര ഒത്തിണങ്ങിയാലും നായിക ഒരിക്കലും വില്ലനുള്ളതായിരുന്നില്ല. പ്രതിനായക കഥാപാത്രം ഇവിടെ ഒരു തൂവൽ പക്ഷിയായ് ചിറകുവിച്ചു അവൾക്കു മേൽ ഉയർന്നു പറക്കാനൊരുങ്ങുമ്പോഴും, ഇന്നും മടിച്ചു നിൽക്കുന്ന ആ കൺപീലികളിൽ അവളോടുള്ള‌ തന്റെ പ്രണയം കാത്തു സൂക്ഷിച്ചിക്കുകയാണ്. മിഴിനീർ തുള്ളിക്കു പോലും മായ്ച്ചു കളയാൻ കഴിയാത്ത വണ്ണം അച്ചു കുത്തിയിരിക്കുകയാണ് ആ കണ്ണുകളിൽ. തന്റെ കണ്ണുകളിലെ ആ ക്ലാസ് വിടാതെ വില്ലൻ തന്നെയായ് ആ COMMON MAN പലായനം തുടരുകയാണ്.


Comments

Post a Comment

Popular Posts