താര

എങ്ങും രാത്രിയുടെ ഇരുണ്ട സൗരഭ്യം.. അവർ അപ്പോൾ സ്വകാര്യം പറയുകയായിരുന്നു. ആ മിഥുന മാസ രാവിൽ പെയ്തൊഴിഞ്ഞ ഒരു മഴയുടെ ഇടവേളയിൽ, ഇളം തെന്നൽ പിച്ച വച്ചു നീങ്ങി തുടങ്ങുന്നു. കായലോളങ്ങൾ ചെറുപുഞ്ചിരിയോടെ ചലിക്കുന്നത് ഒരു പ്രണയ സല്ലാപത്തിൻ്റെ ഈണത്തിലായിരുന്നു. അതെ, നിലാവ് തൻ്റെ പൊയ്കയുടെ മടിയിൽ ചാഞ്ഞു കിടന്ന്  പ്രണയം ആസ്വദിക്കുകയാണ്. തീരത്തുള്ള ആ മൂവാണ്ടൻ മാവിലയിൽ തെന്നി തെറിച്ചു വീഴുന്ന മഴത്തുള്ളികൾ ആ കായലോളങ്ങളിൽ സ്പർശിക്കുമ്പോൾ ആ നാദത്തിനു ചുമ്പനത്തിൻ്റെ താളമായിരുന്നു.

ഈ ദൃശ്യത്തിൻ്റെ സൗന്ദര്യത്തിലലിഞ്ഞ്, താര തൻ്റെ തോണി തുഴഞ്ഞ് അടുത്തുള്ള കര ലക്ഷ്യമാക്കി നീങ്ങുകയാണ്. കടവെത്തുമ്പോഴേക്കും സൂര്യൻ്റെ സ്വർണ്ണ രശ്മികൾ, അവൾ കണ്ട ദൃശ്യത്തിൻമേൽ പതിഞ്ഞു തുടങ്ങിയിരുന്നു. നിലാവിൻ്റെ ആ സ്വകാര്യ നിമിഷങ്ങളെ രാത്രിക്കു മാത്രമായ് കാത്തു സൂക്ഷിക്കുന്നത് പോലെ താര സങ്കൽപ്പിക്കുകയാണ്.

തോണി കടവത്തുള്ള കുറ്റിയിൽ വരിഞ്ഞു കെട്ടി അവൾ അടുത്തുള്ള ചായ പീടികയിലേക്ക് നീങ്ങി. കയ്യിൽ ഒരു ചൂട് കട്ടനുമായ് ആ പൊയ്കയിലേക്ക് വീണ്ടും ഒരു നോട്ടം നോക്കി. തൻ്റെ കയ്യിലെ ഗ്ലാസിനു മുകളിലൂടെ പറന്നു പൊങ്ങുന്ന ആവിക്കിടയിലൂടെ നോക്കുമ്പോൾ അവളുടെ കൃഷ്ണമണികൾക്ക് പാലിൽ കടഞ്ഞെടുത്ത ഒരു പവിഴത്തിൻ്റെ ലാസ്യ ഭാവമായിരുന്നു. അവളുടെ ആ ഭാവത്തിൽ ഒരുപാട് ഒർമ്മകളും സ്വപ്നങ്ങളുമുണ്ടായിരുന്നു. അവിടെ നിന്നും താര, താൻ പഠിച്ച ക്യാമ്പസ്സിലേക്ക് ബസ്സ് കയറി.

ബസ്സ് യാത്രയിൽ കാലം മായിച്ചു കളഞ്ഞ ഒർമ്മകളിലൂടെ ഒരിക്കൽകൂടി അവൾ യാത്ര ചെയ്യുകയാണ്. അവൾ തന്നെ മറന്നു കളഞ്ഞ ഒരു താരയെ അവൾ വീണ്ടും കണ്ടെത്തുകയായിരുന്നു. ക്യാമ്പസ്സിൽ എത്തിയതും അവൾ നടന്നു നീങ്ങിയത് 'red paradise' എന്നറിയപ്പെടുന്ന ആ പുളിമരച്ചുവട്ടിലേക്കായിരുന്നു. 

ആദ്യമായ് അവൾ സാഗറിനെ കാണുന്നത് ആ പുളിമരചുവട്ടിൽവച്ചായിരുന്നു. റാഗ്ഗിങ് രൂപേണ സീനിയർ എന്ന് പരിചയപ്പെടുത്തിയ സാഗർ,  തൻ്റെ ക്ലാസ്സിലാണെന്ന് മനസ്സിലാക്കുമ്പോഴേക്കും റോൾ നമ്പർ 50ൽ നിന്നും റോൾ നമ്പർ 52 എന്ന അവളുടെ നമ്പരിലേക്ക് ഹാജർ എത്തിയിരുന്നു. അവളുടെ ഉള്ളിൽ തോന്നിയ ചെറിയ സങ്കടം ദേഷ്യമായ് മാറുന്നത് അവൻ കണ്ട് രസിക്കുന്നുമുണ്ടായിരുന്നു. കൗതുകം നിറഞ്ഞ അവൻ്റെ കണ്ണുകളിൽ അവൾ കണ്ടത് നീല നിറമാണ്. അവളുടെ ഉള്ളിലെ ദേഷ്യം കാർമേഘമായ് മാറുമ്പോൾ അവളുടെ മിടിപ്പ് ഒരു വെള്ളിടിയായ് മുഴങ്ങിനിന്നു. പതുക്കെ ആ ദേഷ്യം ഭയമായ് മാറുകയായിരുന്നു. ചെറിയ ഉരസലിൽ തുടങ്ങുന്ന ബന്ധം എത്തിചേരുന്നത് പ്രണയത്തിലാണെന്ന ക്ലാസിക്കൽ ക്ലീഷേ അവിടെയും സംഭവിച്ചു. അതെ അവൾ ഭയന്നത് പോലെ തന്നെ ആയിതീർന്നു.


ഒട്ടനേകം പ്രണയ രംഗങ്ങൾക്ക് സാക്ഷിയായ പുളിമരം അങ്ങനെ ഇവരുടെ പ്രണയത്തിൻ്റെയും ദൃക്സാക്ഷി ആയി. കൈയ്യിലൊരു പത്രവുമായ് ഇരിക്കുന്ന സാഗറിൻ്റെ തോളിലേക്ക് ചാഞ്ഞിരിക്കുന്ന താരയെയാകും ആ പുളിമരം കൂടുതൽ ഓർക്കുക.

ഇത്ര വർഷങ്ങൾക്ക് ശേഷം താര ആ പുളിമരച്ചുവട്ടിലെത്തുമ്പോഴം പണ്ട് സാഗറിനായ് അവൾ കരുതുന്ന പത്രം, ഇന്നും ഓർമ്മയുടെ ഭാഗമായ് അവൾ കയ്യിൽ കരുതിയിരുന്നു. അവിടെ അവൾ അത്ഭുത പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. അതാ അവിടെ സാഗർ കാത്തിരിക്കുന്നു. അടുത്തൊരു പത്രവും അതിൻമേൽ വീണുകിടന്ന കുറച്ചു പുളികളും കൂട്ടി വച്ചിരിക്കുന്നു. അവൾ ആ മനോരാജ്യത്തിൽ കണ്ടത് അവളുടെ പ്രത്യാശയായിരുന്നു. യാഥാദ്ധ്യബോധത്തിൽ തിരികെയെത്തിയപ്പോൾ ആകെ അവൾ കണ്ടത് കൂട്ടിവച്ചിരിക്കുന്ന പുളികളും ഒരു പഴയ പത്രവും മാത്രം.  

കയ്യിൽ കരുതിയ പത്രം ബാഗിനുള്ളിൽ ആക്കി, അവിടെ നിന്ന് ഒരു പുളി എടുത്ത് നുണഞ്ഞ് കൊണ്ട് അവൾ മൂന്നു കൊല്ലത്തോളം പഴക്കം വരുന്ന അവിടെ കിടന്നിരുന്ന പത്രത്തിലെക്ക് കണ്ണോടിച്ചു. ഒരു വാർത്ത അവളിൽ മൗനം സൃഷ്ടിച്ചു. ചരമ കോളമായിരുന്നു അത്. മൗനം വെടിഞ്ഞ് അവൾ ആ പേര് വായിച്ചു. 
'താര(29)'
ഒരു മന്തഹാസത്തോടെ അവൾ ആ പഴയ പത്രം മാറ്റിവയ്ക്കുമ്പോൾ, പിന്നിൽ നിന്നോരു ശബ്ദം
'ഹേയ് താര...'
റോൾ നമ്പർ 50 എന്ന് കേട്ട അതേ ശബ്ദം. അവൻ ഒരു ചെറുപുഞ്ചിരായുമായ് ആ പുളിമരച്ചുവട്ടിലിരുന്നു. അവൾ ബാഗിൽ നിന്നും പത്രം അവനു കൊടുത്തിട്ട് പഴയ ഓർമ്മകളിലേക്കെന്ന പോലെ ആ തോളിലേക്ക് ചാഞ്ഞിരുന്നു. പത്രത്തിലെ ഒരു കോളം താരയെ അവൻ വായിച്ചു കേൾപ്പിച്ചു.
'സാഗർ(32)'
അപ്പോൾ വീശിയ കാറ്റിൽ പുളികൾ നക്ഷത്രങ്ങളായ് ചുറ്റിനും പെയ്തിറങ്ങുമ്പോഴേക്കും പത്രം കൊണ്ട് തങ്ങളെ മറച്ച് അവർ...

Comments

Popular Posts