പ്രയാണം

വരാന്തയുടെ  പടിഞ്ഞാറേ അറ്റത്തുള്ള അടഞ്ഞു കിടക്കുന്ന വാതിലിൽ മുട്ടുവാനൊരുങ്ങുകയാണ് അവൾ. മനസ്സിൽ ഒരായിരം ചോദ്യങ്ങൾ വരി വരിയായ് കാത്തുനിൽക്കുകയാണ്. ഉത്തരങ്ങൾ ആ അടഞ്ഞു കിടക്കുന്ന വാതിലിനപ്പുറവും. മനസ്സിന്റെ അഭ്രപാളികളിൽ ഒരുങ്ങുന്നതല്ല ജീവിതം. യവനിക ഉയരുമ്പോൾ തെളിയുന്ന അരങ്ങിലാണ് ജീവിതം എന്ന യാഥാർഥ്യം. ഈ യാഥാർഥ്യം യാമിനിയെ ആ വാതിൽക്കൽ മുട്ടുവാൻ അനുവദിക്കുന്നില്ല. അവൾ ഏക ആയിരുന്നെങ്കിലും, കാണികളുടെ അഭിപ്രായ സതന്ത്ര്യത്തിന്റ ആരവങ്ങൾ മുഴങ്ങുന്ന ഒരു രണഭൂമിയിൽ നിരായുധയായ് നിൽക്കുകയാണ് അവളുടെ ആത്മാവ്.

അമ്മ യാമിനിയെ ആ മനോരാജ്യത്തിൽ നിന്ന് തട്ടിയുണർത്തി ഒരു കുറിപ്പ് കൈമാറി. മൗനം മഴയായ് പെയ്തിറങ്ങുന്നപോലെ, മുകളിലുള്ള അവളുടെ മുറിയിൽ നിന്നും പടികളിറങ്ങി അമ്മ അടുക്കളയിലേക്കു മടങ്ങി. അവൾ പ്രതീക്ഷിച്ചിരുന്ന ജനാധിപത്യ വ്യവസ്ഥകളൊന്നും ആ കത്തിന്റെ വാക്കുകളിലും, വരികളിലും, എന്തിനധികം, ആ പേനയുടെ മഷിയിൽ പോലും ഉണ്ടായിരുന്നില്ല. അവയെല്ലാം ആരുടെയൊക്കെയോ സ്വാർത്ഥ വികാരങ്ങൾക്ക് അടിമപ്പെടുകയായിരുന്നു.

"മനസിലുള്ളത് പാടെ മറക്കാൻ തയ്യാറാകുക. അതിനു കഴിയുന്നില്ലെങ്കിൽ പിതൃകർമ്മം ചെയ്യാൻ മനസ്സിനെ രൂപപെടുത്തിക്കോളൂ..."  ഈ ലളിത സാഹിത്യമാണ് കത്തിൻ്റെ ഉള്ളടക്കം. വർഷങ്ങളായി പിന്തുടരുന്നു എന്ന് തോന്നിച്ച സോഷ്യലിസ്റ്റ് ചിന്തകൾ, അടുപ്പിലെ  ചാരംപോലാവുകയായിരുന്നു.  

വാതിൽ കൊട്ടിയടച്ചു അവൾ തൻ്റെ മുറിയുടെ തെക്കേ ഭിത്തിയിൽ ഒരു നിമിഷം ചാരിയിരുന്നു. ഉള്ളിൽ എരിയുന്ന കനലിനെ കണ്ണുനീർ തുള്ളികളാൽ തണുപ്പിക്കാൻ അവൾ തയ്യാറായിരുന്നില്ല. ഈ നേരം കൊണ്ട് അവളുടെ ഫോണിൽ ഉത്തരം നൽകാത്ത കോളുകൾ ഒരു നമ്പറിൽ നിന്ന് വന്നു കൊണ്ടേയിരുന്നു. മനസ്സറിയാതെ വിരൽത്തുമ്പുകൾ തിരിച്ചൊന്നു വിളിക്കാനായി ശ്രമിക്കുന്നുണ്ടായെങ്കിലും മനസ്സിന്റെ കടിഞ്ഞാൺ അവളെ പിറകിലോട്ട് വലിക്കുകയായിരുന്നു.

നാലാം നാൾ മനസ്സിലുള്ളത് വീട്ടിലവതരിപിച്ച സൗമ്യമായ അന്തരീക്ഷം നിലനിൽക്കുമ്പോൾ തന്നെ, അച്ഛനമ്മമാരുടെ ഇച്ഛക്കനുസരിച്ചു, ഇന്നത്തെ ചായ സൽക്കാരത്തിന് വഴങ്ങേണ്ടി വന്നത്, ഗുരുത്വത്തിൻറെ പേരിലാണെങ്കിലും, അവളുടെ തത്വത്തിനു ഇതിനോട് യോജിക്കാൻ ആകുമായിരുന്നില്ല. 

"ഞാൻ നിന്നെ അർഹിക്കുന്നില്ല..." ആർദ്രമല്ലാത്ത സാഹചര്യവും രംഗവും അവളുടെ മനസ്സിൽ കുറിച്ചത് ഈ വാക്കുകൾ ആയിരുന്നെങ്കിലും, ഒന്നിനോടും യോജിക്കാതെ മനസ്സ് അകന്നു തന്നെ നിൽക്കുകയായിരുന്നു. ശാരീരത്തിനെ മനസ്സ് താത്കാലികമായി ഒറ്റക്കാക്കുകയായിരുന്നു. ഏതോ വരാന്തയിൽ അവൾ കണ്ട ആ അടഞ്ഞ മുറി അവളുടെ മനഃസാക്ഷി തന്നെയായിരുന്നു. മൊബൈലിൽ നിന്ന് "DELETE CONTACT" ചെയ്യുമ്പോൾ അവളുടെ മനസ്സും മനഃസാക്ഷിയുമൊക്കെ , സ്വയം ഒരുക്കിയ ചിതയിൽ സതീദേവിയോടലിയുകയായിരുന്നു. 

മനസ്സിൽ സങ്കടങ്ങൾ നിറയുമ്പോൾ സാഹിത്യം വിരലുകളെ ചലിപ്പിക്കും. 

"ആരെന്നേ മറന്നാലും നീ ഒരിക്കലും മറക്കുകയില്ല. അതുറപ്പുള്ളത് കൊണ്ട് തന്നെ ഇന്നു മുതൽ നിന്നെ ഞാൻ മറക്കാൻ ശ്രമിക്കുകയാണ്.... - യാമിനി". 

ഇത്രയും എഴുതി, കുറച്ചാലോചിച്ച ശേഷം ആ കടലാസ് ചുരുട്ടി മുറിയുടെ ഒരു മൂലയിലേക്കിട്ടു. കുറച്ചു മണിക്കൂറുകൾക്ക് ശേഷം, തൻ്റെ മുറിയുടെ വാതിലുകൾ പൂട്ടി ഒരു യാത്രക്കൊരുങ്ങും വിധം അവൾ പുറത്തേക്കിറങ്ങി. "മനസ്സിലുള്ളതെല്ലാം മായിച്ചു. വന്ന ഡോക്ടറോട് ഒന്ന് കാത്തിരിക്കാൻ പറയണം. എനിക്ക് ഇതൊരു പുനർ ജന്മമാണ്. ഞാൻ ഒരു യാത്ര പോകുന്നു. തിരിച്ചു വരും..." ഇത്രയും വീട്ടുകാരോടെല്ലാരോടുമായ് പറഞ്ഞ് അവൾ യാത്ര തുടങ്ങി. വർഷങ്ങൾ കടന്നു പോയി, യാത്ര തുടർന്നുകൊണ്ടിരുന്നു. സ്ഥലങ്ങളും ആളുകളും അവളിൽ ആകർഷിതരായെങ്കിലും, ആർക്കും പിടികൊടുക്കതെ അവൾ സഞ്ചരിച്ചുകൊണ്ടിരുന്നു.


യാത്രക്കിടയിലെ ശാന്തമായ ഒരു സന്ധ്യ. താമസിച്ചിരുന്ന മുറിയുടെ അടുത്തുള്ള പീടികയിൽ ഒരു അപ്പൂപ്പൻ തേൻ നെല്ലിക്ക വിൽക്കുന്നുണ്ടായിരുന്നു. രുചികൾ പലതും മറന്നു തുടങ്ങിയെങ്കിലും, തേൻ നെല്ലിക്കയുടെ ഒർമ്മകളും രുചിയും നാവിൽ മാഞ്ഞിട്ടില്ല. കടയിലേക്ക് നടന്നു നീങ്ങുമ്പോൾ ഒരു പരിചിത മുഖം കണ്ണുടക്കി കടന്നു പോയെങ്കിലും, അടുത്തൊരു കാർ മാത്രമാണ് കിടന്നിരുന്നത്. ഏതോ മനോരാജ്യത്തേക്ക് ഒരു നിമഷം പോയെങ്കിലും, സാരമാക്കാതെ അവൾ പീടികയിലേക്ക് നടന്നു. വൈകാതെ "യാമിനി.." എന്ന വിളികേട്ട് പുറകിലേക്ക് അവൾ തിരിഞ്ഞു. കാറിൽ നിന്നും ഒരു പെൺകുട്ടി അവളുടെ അടുത്തേക്ക് വന്ന് ഒരു പാക്കറ്റ് തേൻ നെല്ലിക്ക നീട്ടി, കൂടെ ഒരു കുറിപ്പും. കറുപ്പിലെ സന്ദേശം ഇതായിരുന്നു,

"യാത്ര തുടരുക, അതോടൊപ്പം മറക്കാനുള്ള ശ്രമവും...."
യാമിനി ചെറുപുഞ്ചിരിയോടെ ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. 

"പെൺകുട്ടി: പാർവ്വതി രുദ്രൻ".
ചിരിച്ചു കൊണ്ട് പെൺകുട്ടിയും മടങ്ങി.

തേൻ നെല്ലിക്കയുടെ മധുരവും അനുഭവത്തിൻ്റെ രസവും നുണഞ്ഞുകൊണ്ട് ആ COMMON WOMAN പീടികയിലേക്ക്.
"അപ്പൂപ്പാ, ഒരു കട്ടൻ, മധുരം കുറച്ചു മതി.., 
അപ്പൂപ്പൻ: അതെന്താ മക്കളേ?...
യാമിനി: ചുറ്റിനും കാറ്റിനും നിറച്ചു മധുരമാണ്..
അപ്പൂപ്പൻ: ഹ ഹ.."

ഇത് പറഞ്ഞു കഴിഞ്ഞതും യാമിനിയുടെ ഫോണിലേക്ക് ഒരു വിളി വന്നു. ഫോൺ എടുത്തിട്ട് യാമിനി : "ഡോക്ടറേ...."

Comments

Popular Posts