യാത്രാമൊഴി



ആളൊഴിഞ്ഞ ആ കല്പടവിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഞങ്ങളുടെ മൗനത്തിൽ ചേർന്നൊഴുകുന്ന അരുവിയും കുറച്ചോർമ്മകളും. പക്ഷികൾ ഞങ്ങളെ നോക്കി ഒന്നും രണ്ടും സ്വകാര്യം കാതിൽ പറയുന്നത് കേൾക്കാം. സന്ധ്യ അറിയിച്ചു സൂര്യൻ മടങ്ങുകയാണ്. ഉദിക്കാനൊരുങ്ങി ചന്ദ്രനും. പാതി മുങ്ങി അരുവിയെ തലോടുന്ന കാൽപാദങ്ങളും, എന്നും ചിരിച്ചു കളിച്ചിരുന്ന ആ വെള്ളി കൊലുസും എല്ലാം മൗനത്തിലാണ്. എന്നെ നോക്കിചിരിച്ചുകൊണ്ടിരുന്ന അവളുടെ കണ്ണുകൾ എന്നെ ഒളിച്ചു നിൽക്കാൻ തുടങ്ങുന്നു എന്നൊരു തോന്നൽ. ഇത്രേം വലിയൊരു മൗനം ഞങ്ങളുടെ ഇടയിൽ ഇതുവരെ വന്നു നിന്നിട്ടില്ല. പിണങ്ങുമ്പോഴാണെങ്കിൽ പോലും മൗനം ഒരു ചുംബനമായി അവസാനിക്കുകയായിരുന്നു പതിവ്. പതിവുകൾ ഇപ്പോൾ തെറ്റി തുടങ്ങുന്നു. കണ്മഷി പടരാത്ത ആ കണ്ണിമകളിൽ എവിടെയോ ഒരു ഈർപ്പം തട്ടിയിരിക്കുന്നു. "ആതി  ഒന്നിങ്ങു നോക്കുവോ.." എന്ന് ഞാൻ മിണ്ടാതെ മിണ്ടി. മനസ്സ് മന്ത്രിച്ചത്‌ അവൾ ഇനി കേൾക്കുകയില്ല എന്ന് ഞാൻ ഒരുനിമിഷം കരുതി. പക്ഷെ എന്തോ ഒന്ന് കേട്ടത് പോലെ അവൾ ബാഗിൽ നിന്ന് പേനയും വരയിട്ട ഒരു ബുക്കും എടുത്ത് എന്തൊക്കെയോ കുറിക്കാൻ തുടങ്ങി. സംസാരം അക്ഷര തുണ്ടുകളായ് ഞങ്ങൾ തുടർന്നു.
 
ആതി : "എത്ര പെട്ടെന്നാണ് ദിവസങ്ങൾ കഴിഞ്ഞു പോയത്.  കുറച്ചുംകൂടെ മാത്രം ഇനി ഉള്ളു അല്ലെ..."
അർണവ് : "അതെ. ആ ചിരി, സ്വപ്നങ്ങളിൽ നിന്ന് ജന്മമെടുക്കുകയും,നേരിട്ട് ആസ്വദിക്കുകയും, ഇതാ ഇപ്പോൾ ഓർമകളിലേക്ക് ചേക്കേറാൻ തയ്യാറെടുത്തും നിൽക്കുന്നു.."

ആതി : "കണ്ണുകളിൽ നിന്ന് ചുണ്ടുകളിലേക്ക് ആ ചിരി ഒതുങ്ങുമോ?"
അർണവ് : "ഇല്ല. ആ ചിരിയിലൊരുപ്പുരസം വന്നേക്കാം."

ആതി : "മഴയായാലും വെയിലായാലും കണ്ണുനീരിനെന്നും ഉപ്പ് രസം തന്നെ"
അർണവ് : "ആ തുള്ളികൾ ചുണ്ടുകളിൽ എത്തിയാൽ! കണ്ണുകളുടെ കടവിൽ നിന്ന് തോണി തുഴഞ്ഞു ഹൃദയത്തിന്റെ കരയ്ക്കടുത്താലോ?"

ആതി : "എഴുതുന്ന പേനക്ക് പുരളുന്ന മഷിയിലെ വേദന മനസ്സിലാവുമോ? പേന എന്നും അക്ഷരക്കൂട്ടങ്ങളുടെ പിന്നാലെയാണ്. എങ്ങനെ പുരണ്ടാലും അക്ഷരത്തെറ്റ് ഉണ്ടാക്കാതെ ശ്രദ്ധിക്കാൻ ശ്രമിക്കും."
അർണവ് : "അക്ഷരക്കൂട്ടങ്ങളെ ഈണത്തിൽ ചേർത്തു വായിച്ചാൽ,  മൗനരാഗം മീട്ടുന്ന നൊമ്പര തന്ത്രികളും, സരസ്വതി വീണയും, ആളൊഴിഞ്ഞ അരങ്ങും"

ആതി : "ഭാവങ്ങൾ എത്ര അറിയാവുന്ന നർത്തകി ആണെങ്കിലും, സംഗീതം അപ്രത്യക്ഷമായാൽ ചുവടുകളും ചിലങ്കയും അനാഥമായിപോകും"
അർണവ് : "മനസ്സാണ് രാഗവും താളവും, മനസ്സാണ് സപ്തസ്വരങ്ങൾ, മനസ്സ് ആണ് സംഗീതം, മനസ്സ് എരിയുമ്പോൾ...."

ആതി : "ഉടൽ മാത്രമാണ് ചാരമാകുന്നത്.  ആത്മാവെന്നുമൊരു കെടാവിളക്കല്ലേ? എരിഞ്ഞുകൊണ്ടിരിക്കുമ്പോഴും ചിരിക്കാൻ മാത്രമറിയാവുന്ന ഒരു നാളം"
അർണവ് : "വീശുന്ന കാറ്റിൽ ആ നാളം മേഘങ്ങൾ തേടി പറന്നുയരുമ്പോൾ,  ആ മഞ്ചാടി മരച്ചുവട്ടിൽ ആത്മാവില്ലാത്ത ചിരാതും തിരിയും മാത്രം. അങ്ങിങ്ങായി ചിതറി കിടക്കുന്ന കുറച്ചു മഞ്ചാടിക്കുരുവും"

ആതി : "അതിപ്പോൾ  മഞ്ചാടിക്കുരുകൾ അല്ല, സ്വപ്നവും പ്രണയവും ഞാനും നീയും കാറ്റും ഈ അരുവിയുമാണ്......."
അർണവ് : "അർണ്ണവം എന്നും ആതിരക്ക് അകലെയാണെങ്കിലും, ഓർമ്മകളുടെ വെളുത്തവാവിൽ എന്നും അവൾ അവന്റെ ഹൃദയത്തിലുണ്ട്.."

ഇത് എഴുതി ആ പുസ്തകം അവൾക്കു മടക്കി നൽകി, അവളുടെ കൈകൾ പിടിച്ചു കൽപ്പടവുകൾ കയറി ആ മഞ്ചാടിച്ചുവട്ടിൽ ഞങ്ങൾ വീണ്ടുമെത്തി. അണഞ്ഞിരുന്ന ആ ചിരാതോന്നൂടെ ഞങ്ങൾ ഒരുമിച്ചു തെളിയിച്ചു. അവളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം ഒരു ആയുസ്സിലേക്ക് വേണ്ടി ഒന്നുകൂടെ നോക്കി. ചാഞ്ഞു നിൽക്കുന്ന മഞ്ചാടി ചില്ലയൊന്നുലച്ചപ്പോൾ വർഷിച്ച മഞ്ചാടി മഴയിൽ ഈ COMMON MAN അവളുമായ് തിരിഞ്ഞു നടക്കുകയാണ്. 

Comments

Popular Posts